
ദോഹ : കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ വിതരണം കഴിഞ്ഞ മൂന്ന് മാസമായി പൂർണ്ണമായും മുടങ്ങിയിരിക്കുന്നതിൽ സംസ്‌കൃതി ഖത്തർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജീവിതത്തിന്റെ നല്ലൊരു സമയവും മരുഭൂമിയിലെ കഠിന സാഹചര്യങ്ങളിൽ പണിയെടുത്തു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുകയും, വർഷങ്ങളോളം തങ്ങളുടെ അദ്ധ്വാനത്തിൽ നിന്നും കൃത്യമായി വിഹിതം അടച്ച് ഈ ക്ഷേമ പദ്ധതിയിൽ അംഗങ്ങളാവുകയും ചെയ്ത പ്രവാസികളോട് കാണിക്കുന്ന ഈ അവഗണന തികച്ചും പ്രതിഷേധാർഹമാണ്.
വാർധക്യകാലത്ത് നിത്യനിദാന ചെലവുകൾക്കും ചികിത്സയ്ക്കും മരുന്നിനുമായി ഈ ചെറിയ പെൻഷൻ തുകയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് വയോജന പ്രവാസികളും അവരുടെ കുടുംബങ്ങളും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ തുക മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ്. അർഹതപ്പെട്ട ആനുകൂല്യം കൃത്യസമയത്ത് നൽകാതെ മാസങ്ങളോളം വൈകിക്കുന്നത് ഇത്തരം ക്ഷേമപദ്ധതികളുടെ വിശ്വാസ്യതയെത്തന്നെ പൂർണ്ണമായി തകർക്കുന്ന നടപടിയായതിനാൽ, കഴിഞ്ഞ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശിക അടിയന്തരമായി തീർപ്പാക്കാനും,
പുതിയ പെൻഷൻ അപേക്ഷകൾ വൈകിപ്പിക്കുന്ന രീതി അവസാനിപ്പിക്കാനും,
എല്ലാ മാസവും നിശ്ചിത തീയതിക്കുള്ളിൽ പെൻഷൻ വിതരണം ഉറപ്പാക്കാൻ സ്ഥിരമായ സംവിധാനം രൂപീകരിക്കാനും സംസ്ഥാന സർക്കാരും പ്രവാസി ക്ഷേമനിധി ബോർഡും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് സംസ്‌കൃതി ഭാരവാഹികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.











